Education
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സർക്കാർമലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സർക്കാർ
മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സർക്കാർ. എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ആർ.ആർ.ഡിയുമാണ് സമിതി അംഗങ്ങൾ. വിദ്യാർഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ജൂലൈ അഞ്ചിനകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത പ്രവേശന നടപടികൾ ആരംഭിക്കും.
മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധികളുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വിദ്യാർഥി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.മലപ്പുറത്ത് മാത്രം 7,054 സീറ്റിന്റെ കുറവുണ്ട്. പാലക്കാട് 1757, കാസർകോട് 250 സീറ്റും കുറവെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് ജില്ലയിൽ 1757 സീറ്റുകളുടെ കുറവുണ്ട്. സപ്ലിമെന്ററി അലോട്മെന്റോടെ ഇതിന് പരിഹാരം കണ്ടെത്തും. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.