Connect with us

Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ രേഖകൾ ക്രൈം ബ്രാഞ്ചിന് കൈമാറാൻ ഇ ഡിക്ക്  നിർദേശം നൽകി ഹൈക്കോടതി

Published

on

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ രേഖകൾ ക്രൈം ബ്രാഞ്ചിന് കൈമാറാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നിർദേശം നൽകി ഹൈക്കോടതി. ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്കാണ് രേഖകൾ കൈമാറേണ്ടത്. രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന ക്രൈം ബ്രാഞ്ച് പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി.

കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഇഡി, രേഖകൾ അടക്കം കസ്റ്റഡിയിലെടുത്തിരുന്നു. കരുവന്നൂരിലെ തട്ടിപ്പ് സംബന്ധിച്ച കേസുകളിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇഡി കസ്റ്റഡിയിലെടുത്ത രേഖകൾ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രേഖകൾ നൽകാൻ ഇഡി വിസമ്മതിച്ചത്. ഇതിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസുൾപ്പെടെ പ്രമുഖ സിപിഎം നേതാക്കളെ പ്രതികളാക്കാനുള്ള നീക്കത്തിലാണ് ഇഡി. അനധികൃത വായ്പകളിൽ നിന്ന് സിപിഎം വിഹിതം കൈപ്പറ്റിയെന്നും ആ പണം കൊണ്ടാണ് പാർട്ടി ഓഫീസ് പണിയാൻ ജില്ലാ സെക്രട്ടറിയുടെ പേരിൽ സ്ഥലം വാങ്ങിയതെന്നും ഇഡി സ്ഥിരീകരിക്കുന്നു. സെന്റിന് പത്തുലക്ഷം വച്ച് വാങ്ങിയ മൂന്നു സെന്റ് ഇഡി കണ്ടുകെട്ടുകയും ചെയ്തു. സിപിഎമ്മിന്റെ വിവിധ ലോക്കൽ കമ്മിറ്റികളുടെ വെളിപ്പെടുത്താത്ത എട്ട് അക്കൗണ്ടുകളിലെ 63.62 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് സെക്രട്ടറിയും ഭരണസമിതിയും അന്നത്തെ ബാങ്ക് മാനേജരും ചേർന്ന് ബിനാമിയായും അനധികൃതമായും വായ്പകൾ അനുവദിച്ചതെന്നാണ് സുപ്രധാന കണ്ടെത്തൽ. ഈടായി നൽകിയ വസ്തുവിന്റെ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്ക് പോലും ബിനാമി വായ്പകൾ നൽകി. ഒരേ സ്ഥലംതന്നെ ഒന്നിലേറെ അംഗങ്ങൾ ഈടുവച്ചും തട്ടിപ്പ് നടത്തിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു

Continue Reading