Crime
പി.എസ്.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുന്നുഎല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും കോൺഗ്രസ്

.
കോഴിക്കോട്: പി.എസ്.സി. അംഗത്വം നൽകാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന് ആരോപണത്തിൽ സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. പി.എസ്.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണെന്നും കോഴിക്കോട്ടെ സി.പി.എമ്മിൽ മാഫിയകൾ തമ്മിലുള്ള തർക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
കോഴിക്കോട് സി.പി.എമ്മിൽ മാഫിയകൾതമ്മിലുള്ള തർക്കമാണ് നടക്കുന്നത്. അതിൻ്റെ ഭാഗമായാണ് ഈ വിവരം പുറത്തുവന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. കോടതി നിരീക്ഷണത്തിലുള്ള പോലീസ് അന്വേഷണം വേണം. അല്ലെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കീഴിൽ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും, പ്രവീൺ കുമാർ പറഞ്ഞു.
സി.പി.എം. സഖാക്കൾക്ക് പണത്തിനോട് ആർത്തി കൂടുന്നു എന്ന് എം.വി. ഗോവിന്ദൻതന്നെ പറഞ്ഞതാണ്. അതിനോട് ചേർത്തുവെച്ച് വേണം അഴിമതി ആരോപണത്തെ കാണാൻ. ആരോപണത്തിൽ സത്യം തെളിയിക്കാൻ പാർട്ടിക്കും സർക്കാരിനും ബാധ്യതയുണ്ട്. ഇനിയും അഴിമതികൾ പുറത്തുവരാനുണ്ട്. റിയാസിൻ്റെ മാഫിയ പ്രവർത്തനം വളർന്നുപന്തലിക്കുകയാണ്’,
പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട്ടെ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിക്കെതിരെ സി.പി.എം. നടപടി എടുത്തിരുന്നു. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് മാറ്റുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. നടപടി പാര്‍ട്ടി ഔദ്യോഗികമായി പിന്നീട് അറിയിക്കും.