KERALA
വനമേഖലയിൽ തിരച്ചിൽനടത്തി കമാൻഡോകൾ: ശരീര ഭാഗങ്ങൾ ഇന്നും കണ്ടെത്തി

വനമേഖലയിൽ തിരച്ചിൽനടത്തി കമാൻഡോകൾ: ശരീര ഭാഗങ്ങൾ ഇന്നും കണ്ടെത്തി
കൽപ്പറ്റ: വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്. രാവിലെ ഒൻപതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ സമയം മാറ്റുകയായിരുന്നു.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകുകയാണ്
ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് പരിശോധന നടത്തുക. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിന്റെ തീരങ്ങളിലുമാണ് പ്രധാനമായും തിരച്ചിൽ. ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന. രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്ന ആദ്യ സംഘമാണ് ഹെലികോപ്റ്ററിൽ ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. ഇവരെ എയർഡ്രോപ് ചെയ്ത ശേഷം തിരികെ എത്തിയാവും നാല് കമാൻഡോകളും രണ്ട് സൈനികരുമടങ്ങുന്ന രണ്ടാമത്തെ സംഘവുമായി യാത്രതിരിക്കുക.
അതേസമയം, നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്ന് രണ്ടു ശരീര ഭാഗങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 402 പേർ മരിച്ചെന്നാണ് ഒനൗദ്യോഗിക കണക്ക്. 227 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.