KERALA
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50,000 രൂപ നൽകുമെന്ന് എ കെ ആന്റണി.

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50,000 രൂപ നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഭിന്നതകൾ മറന്ന് വയനാടിനായി എല്ലാവരും ഒന്നിക്കണമെന്നും ആൻ്റണി പറഞ്ഞു.
കേരള ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. രാഷ്ട്രീയവും മറ്റ് ചിന്തകളും മറന്ന് ദുരന്തത്തിൽ അകപ്പെട്ടുപോയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. എംപിയായിരുന്ന അവസരത്തിൽ പഴയ പ്രളയത്തിലെല്ലാം ഞാൻ കൂടുതൽ പണം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുകയാണ്’- എ കെ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ എത്തിയത് 72 കോടി രൂപയാണ്. ജൂലായ് 30 മുതലുള്ള കണക്കാണിത്. വയനാട് ദുരന്തത്തിന് ഇരയായവരുടെ ആശ്രിതർക്ക് കോൺഗ്രസ് നൂറ് വീട് നിർമ്മിച്ചു നൽകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പെട്ടെന്ന് വീട്ടിലേയ്ക്ക് പോകാനോ ദുരന്തമേഖലയില്‍ വീണ്ടും വീട് പണിയാനോ സാധിക്കില്ല. മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കുന്നത് വരെ അവര്‍ക്ക് വാടക വീടുകള്‍ കണ്ടെത്തി വാടക നല്‍കുന്നതിന് സംവിധാനം ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.