KERALA
സൈന്യവും കമാൻഡോകളും വനമേഖലയിൽ തിരച്ചിലിൽ , മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായയും

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഒൻപതാം നാളിലും തുടരുന്നു. സൂചിപ്പാറ-പോത്തുകല്ല് ഭാഗങ്ങളിൽ ചൊവ്വാഴ്ച ആരംഭിച്ച പ്രത്യേക തിരച്ചിൽ ദൗത്യം ഇന്നും തുടരുകയാണ്, ഇന്ന് കാലത്ത് എട്ടുമണിയോടെ ഈ ഭാഗത്തെ വനമേഖലയിലേക്ക് ദൗത്യസംഘം പുറപ്പെട്ടു.
കഴിഞ്ഞ ദിവസം ഇല്ലാതിരുന്ന സൈന്യത്തിന്റെ കഡാവർ നായകൾ സംഘത്തോടൊപ്പം ഇന്നുണ്ട്.ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന. ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് തിരച്ചിൽ. സൂചിപ്പാറയ്ക്ക് സമീപവും ചാലിയാറിന്റെ തീരങ്ങളിലും ഇന്നും പരിശോധന തുടരും.
ചൊവ്വാഴ്ച നാല് കിലോമീറ്റർ ദൂരമാണ് പ്രത്യേക ദൗത്യസംഘം തിരച്ചിൽ നടത്തിയത്. ഇന്ന് ആറ് കിലോമീറ്റർ ദൂരം പരിശോധിക്കുകയാണ് ലക്ഷ്യം. വനമേഖലയിലും നദീതീരങ്ങളിലും പരമാവധി തിരച്ചിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ ലഭിക്കുന്ന മേഖലകൾ അടിസ്ഥാനമാക്കിയാവും ഇവ റോഡ് മാർഗമോ എയർലിഫ്റ്റ് ചെയ്യുകയോ ചെയ്യുക.
ഒരു പ്രദേശത്ത് തിരച്ചിൽ പൂർത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയർ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്ക് എത്തിക്കും. ഏറ്റവും അപകടകരമായ സൺറൈസ് വാലിയിലാണ് ദൗത്യസംഘം ചൊവ്വാഴ്ച തിരച്ചിൽ നടത്തിയത്. നാലു ശരീരഭാഗങ്ങൾ ഇവിടെ നിന്നുകണ്ടെത്തി. മലപ്പുറം ജില്ലയിൽനിന്ന് ഇതുവരെ 76 മൃതദേഹങ്ങളും 161 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.