Connect with us

KERALA

മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും തിരച്ചില്‍.ഡി.എന്‍.എ. പരിശോധനയുടെ ഫലം ഇന്നുമുതൽ പുറത്തുവിടും.

Published

on

മേപ്പാടി:  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും തിരച്ചില്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായാണ് തിരച്ചില്‍. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്.

ചാലിയാറിന്റെ തീരങ്ങളിലും വിവിധ മേഖലകളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ദുര്‍ഘടമായ മേഖലകളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമാണ് തിരച്ചില്‍ നടത്തുന്നത്. ബാക്കിയുള്ള ഇടങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരും തിരച്ചിലിനുണ്ട്. അതേസമയം, കഴിഞ്ഞദിവസത്തേതിന് സമാനമായി ജനകീയ തിരച്ചില്‍ അല്ല ഇന്ന് നടക്കുന്നത്.

ഇന്നത്തെ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തുനിന്ന് ഒരു മൃതദേഹഭാഗം കണ്ടെത്തി. ഇരുട്ടുകുത്തി മേഖലയിൽനിന്നാണ് ശരീരഭാഗം കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. വനംവകുപ്പാണ് തുടർനടപടികൾ സ്വീകരിക്കുക.

ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടേയും ജനിതക (ഡി.എന്‍.എ.) പരിശോധനയുടെ ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 90 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവയുമായി ഒത്തുനോക്കി മരിച്ചവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading