Connect with us

Crime

ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്

Published

on

കോഴിക്കോട്: നടനും മുൻ അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. താരസംഘടനയായ അമ്മയിലെ അംഗത്വ ഫീസിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാൻ ഇടവേള ബാബു പറഞ്ഞുവെന്ന് ജൂനിയർ ആർടിസ്റ്റ് ജുബിത ആണ്ടി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.’അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്‌ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്‌ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷ‌ം വേണ്ട, അവസരവും കിട്ടുമെന്ന് പറഞ്ഞു. അഡ്‌ജസ്‌റ്റ് ചെയ്‌താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം അനുഭവം ഉണ്ടായി. ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ചുകഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാൻ പറഞ്ഞു. എന്നാൽ ഞാനത് നിരസിച്ചു. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്. ഏതൊരു ലൊക്കേഷനിൽ പോയാലും കുറച്ച് സമയത്തിനുള്ളിൽ അഡ്‌ജസ്‌റ്റുമെന്റിനെക്കുറിച്ച് പറയും. അഡ്‌ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ അവസരങ്ങൾ ഇല്ല’- ജുബിത വ്യക്തമാക്കി.

സിനിമയിൽ ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്ന വിഭാഗമാണ് ജൂനിയർ ആർട്ടിസ്റ്റുകളെന്ന് ജൂനിയർ ആർ്ടിസ്റ്റ് അസ്‌നിയ. ‘കരാർ ഒന്നുമില്ലാതെയാണ് സിനിമയിൽ അവർ എത്തുന്നത്. അതിനാൽ തന്നെ കൃത്യമായ വേതനം ലഭിക്കാറില്ല. 5000 രൂപ പറഞ്ഞ സെറ്റിൽ പേയ്‌മെന്റ് ലഭിച്ചത് 1500 രൂപയാണ്. 30 ദിവസത്തോളം ജോലി ചെയ്തിട്ടാണ് ഇത്രയും ലഭിച്ചത്. ഇതിനെതിരെ സംസാരിച്ചതിന് ഒഴിവാക്കപ്പെട്ടു.ലോക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അടിമത്വം നേരിടുന്നു. വസ്ത്രം മാറാൻ അടക്കം സുരക്ഷിതമായ ഇടമില്ല. എനിക്ക് വേണ്ടി അഡ്‌ജസ്റ്റ് ചെയ്താൽ അവസരം ഉണ്ടാക്കി തരാമെന്ന് ഒരു പ്രൊഡക്ഷൻ കൺട്രോളർ നേരിട്ട് പറഞ്ഞു. ഞാനുമായി സഹകരിച്ച വ്യക്തികളാണെന്ന് പറഞ്ഞ് ചില നടിമാരുടെ ചിത്രങ്ങൾ കാണിച്ചു’- അസ്‌നിയ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടിമാരടക്കം രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. തൊഴിലിടത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസനും പറഞ്ഞു.



Continue Reading