Connect with us

Crime

ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. 300ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്.

Published

on

ടെൽ അവീവ്/ ബെയ്റൂട്ട്: ഇസ്രയേൽ ഇന്നലെനടത്തിയ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. ഇതിൽ 35 പേർ കുട്ടികളും 58 സ്ത്രീകളുമുണ്ട്. 1645 പേർക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്. 2006ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്.

300ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. ലെബനനിലേക്ക് കരമാർഗ്ഗം കടന്നുകയറാനും ഇസ്രയേൽ സൈന്യം സജ്ജമായി നിൽക്കുകയാണ്. ലെബനന്റെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചതായി ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു.ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് സമീപമുള്ള ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകി മണിക്കൂറുകൾക്കകമാണ് ആക്രമണം തുടങ്ങിയത്. സുരക്ഷിത മേഖലയിലേക്ക് ഒഴിയാൻ സാവകാശം കിട്ടുംമുമ്പേ യുദ്ധവിമാനങ്ങൾ താഴ്ന്ന് പറന്ന് ആക്രമിച്ചു. ബെയ്റൂട്ടിന് കിഴക്കുള്ള ബെഖാ താഴ്‌വരയും ഉടൻ ആക്രമിക്കും.ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിന് നേരെ റോക്കറ്റാക്രമണം നടത്തിവരികയാണ് ഹിസ്ബുള്ള.

ലെബനനിൽ കഴിഞ്ഞയാഴ്ച ഉണ്ടായ പേജർ,​ വാക്കിടോക്കി കൂട്ടപൊട്ടിത്തെറിക്കുപിന്നാലെ ആക്രമണം ശക്തമാക്കുകയും ചെയ്തു. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.ഇസ്രയേലിനെതിരെ തുറന്ന യുദ്ധത്തിന് ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല ഉത്തരവിട്ടേക്കും. ആയുധവും പരിശീലനവും നൽകുന്ന ഇറാൻ ഹിസ്ബുള്ളയ്ക്കൊപ്പം ചേർന്നാൽ മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധമുഖം തുറക്കും.

ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്നറിയിച്ച് അറബി ഭാഷയിൽ 80,000ലേറെ ഓട്ടോമേറ്റഡ് കോളുകളാണ് ഇസ്രയേൽ നൽകിയത്. ഹിസ്ബുള്ള പോസ്റ്റിൽ നിന്ന് ഒരു കിലോമീറ്റർ അകലേക്ക് മാറാൻ നിർദ്ദേശിച്ചു. ലെബനീസ് നമ്പറിൽ നിന്നാണ് കോൾ എത്തിയത്. ടെക്സ്റ്റ് മെസേജുകളും നൽകി.

Continue Reading