Connect with us

KERALA

പാർട്ടിക്ക് മുന്നിൽ മുട്ട് മടക്കാതെ അൻവർ ” ഇന്ന് വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണും

Published

on

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും പാർട്ടിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന   മുന്നറിയിപ്പുമായി വീണ്ടും പി.വി.അൻവർ എം.എൽ.എ. ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫെയ്സ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്.

‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌.”നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ. ഇന്ന് വൈകിട്ട്‌ നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്‌’, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സിപിഎമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരുക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും എതിരെയായിരുന്നു അൻവറിന്റെ ആരോപണങ്ങള്‍ ഏറെയും. എഡിജിപി -ആര്‍എസ്എസ് കൂടിക്കാഴ്ചയടക്കം പുറത്തുവന്നത് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്. 20-ലധികം ദിവസങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും അന്‍വര്‍ ആക്രമണം തുടര്‍ന്നിരുന്നു.

എഡിജിപി ക്രിമിനലാണെന്നും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും കഴിഞ്ഞ ദിവസവും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ, അന്‍വര്‍ ഗുരുതര ആരോപണമുന്നയിച്ച പി. ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പരസ്യപ്രതികരണം പാടില്ലെന്ന് പാര്‍ട്ടി നിര്‍ദേശം നിലനില്‍ക്കെയാണ് അദ്ദേഹം ഇന്ന് വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇതോടെ അന്‍വറിന്റെ അടുത്ത നീക്കം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

Continue Reading