Connect with us

Crime

പൂരം കലക്കിയ അന്വേഷണ റിപ്പോർട്ട് തള്ളി . വീണ്ടും അന്വേഷണത്തിന് സർക്കാർ നീക്കം

Published

on

തിരുവനന്തപുരം: തൃശൂർ പൂരം തടസപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ബാഹ്യഇടപെടലില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വാദമാണ് സർക്കാർ തള്ളിയത്. സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

എഡിജിപിക്കെതിരെയും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാർശ. അനാവശ്യ നിയന്ത്രണങ്ങളേർപ്പെടുത്തി തൃശൂർ പൂരം പൊലീസ് കലക്കിയതിനെക്കുറിച്ച് ക്രെെം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും. പൂരംകലക്കൽ രാഷ്ട്രീയ വിവാദമായി വളരുകയും ഒക്ടോബർ നാലിന് നിയമസഭ സമ്മേളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അന്വേഷണം സർക്കാർ പരിഗണിക്കുന്നത്.സിറ്റിപൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോക് തയ്യാറാക്കിയ സുരക്ഷാ പദ്ധതി തള്ളിക്കളഞ്ഞ എഡിജിപിയാണ് കടുത്തനിയന്ത്രണങ്ങൾ നടപ്പാക്കിയതെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. മൂന്നുദിവസം മുൻപേ തൃശൂരിലുണ്ടായിരുന്ന എഡിജിപി പൂരദിവസം വെളുപ്പിന് ഒരുമണിക്കുശേഷം ഫോൺ ഓഫ് ചെയ്ത് പൊലീസ് അക്കാഡമിയിലെ ഗസ്റ്റ്ഹൗസിൽ വിശ്രമിക്കാൻപോയി. പ്രശ്നങ്ങളുണ്ടായിട്ടും ഇടപെട്ടില്ല.

അങ്കിത് അശോകിനെയാണ് എഡിജിപിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്.ഐജി, ഡിഐജി എന്നിവരുടെ വീഴ്ചകൾ റിപ്പോർട്ടിലില്ല. സ്വയം വെള്ളപൂശിയാണ് എഡിജിപി റിപ്പോർട്ട് നൽകിയത്. പൊലീസിന്റെ വീഴ്ചകൾ കണ്ടെത്താനാണ് എഡിജിപിയെ ചുമതലപ്പെടുത്തിയത്. എന്നാൽ വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ടിലുള്ളത്.

Continue Reading