Connect with us

Crime

മലയാള സിനിമാ മേഖലയില്‍ മാത്രമല്ല പീഡന പരാതികള്‍ ഉയരുന്നതെന്ന് സുപ്രീം കോടതി.

Published

on

ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയില്‍ മാത്രമല്ല പീഡന പരാതികള്‍ ഉയരുന്നതെന്ന് സുപ്രീം കോടതി. മറ്റ് പല മേഖലകളില്‍നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാറുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ നടന്‍ സിദ്ദിഖ് സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമയുമായി ബന്ധപ്പെട്ട് 27 ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മലയാള സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റ് പല മേഖലകളില്‍നിന്നും ലൈംഗികപീഡന പരാതികള്‍ ഉയരുന്നുണ്ടെന്ന് സുപ്രീം കോടതി എടുത്ത് പറഞ്ഞത്.

സിദ്ദിഖിന് എതിരെ പരാതി ഉന്നയിച്ച പരാതിക്കാരി ഇട്ട അഞ്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് മുകുള്‍ റോത്തഗി ആരോപിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടതെന്നും റോത്തഗി കോടതിയില്‍ വാദിച്ചു.

പരാതിക്കാരി എട്ട് വര്‍ഷം എവിടെയായിരുന്നെന്ന് കോടതി ചോദിച്ചു.
സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്നത് 2016-ല്‍ ആണ്. എന്നാല്‍, പരാതി നല്‍കാന്‍ എട്ട് വര്‍ഷം വൈകിയത് എന്ത് കൊണ്ടായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനോടും അതിജീവിയതയോടും സുപ്രീം കോടതി ആരാഞ്ഞു.

സിദ്ദിഖ് മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നുവെന്നും അതിനാല്‍ സിനിമയിലെ പുതുമുഖമെന്ന നിലയില്‍ അക്കാലത്ത് പരാതി ഉന്നയിക്കാന്‍ അതിജീവിതയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 300-ല്‍ അധികം സിനിമകളിലാണ് സിദ്ദിഖ് അഭിനയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിദ്ദിഖ് അമ്മഎന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി അല്ലേയെന്ന് കോടതി ആരാഞ്ഞു.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിൻ്റെ അറസ്റ്റ് കോടതി തടഞ്ഞത്. അന്വേഷണവുമായ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു കേസ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

Continue Reading