Crime
ഫോൺ ചോർത്തൽ ആരോപണങ്ങളിൽ കോള്‍ ഇന്റര്‍സെപ്ഷനില്‍ ദുരുപയോഗം നടന്നിട്ടില്ലെന്ന് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ കോള്‍ ഇന്റര്‍സെപ്ഷനില്‍ ദുരുപയോഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഫോൺ കോളുകൾ എങ്ങനെ ഇൻ്റർസെപ്റ്റ് ചെയ്യണമെന്നോ അതിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് അൻവർ മൊഴി നൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ എ.ഡി.ജി.പി. (ഇൻ്റലിജൻസ്), ഡി.ഐ.ജി. (എ.ടി.എസ്.), തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എന്നിവർ മുഖേന വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഷൊർണൂർ റസ്റ്റ് ഹൗസിൽവെച്ച് തൃശ്ശൂർ ഡി.ഐ.ജി എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തി. ഫോൺ കോളുകൾ എങ്ങനെ ഇന്റര്‍സെപ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ മറ്റൊരു ഫോൺ ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെ തൻ്റെ ഫോണിൽ വന്ന ഫോൺകോളുകൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ഇൻ്റർസെപ്ഷൻ കൊണ്ട് ഉദ്ദേശിച്ചതെന്ന് എം.എൽ.എ. മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
2022 ജനുവരി ഒന്നു മുതൽ 2024 സെപ്തംബർ 10 വരെയുള്ള കാലയളവിൽ വയനാട്, കോഴിക്കോട് റൂറൽ, മലപ്പുറം ജില്ലകളിലെ ചില പോലീസ് ഉദ്യോഗസ്ഥർ, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് & ആൻ്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവർ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ എം.എൽ.എമാരുടെയോ മന്ത്രിമാരുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയോ ടെലിഫോൺ നമ്പറുകൾ ചോർത്തിയിട്ടില്ലെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
നിയമവ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ദേശീയ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനത്ത് നടത്തുന്ന എല്ലാ കോൾ ഇൻ്റർസെപ്‌ഷനുകളും നിയമപരമായാണ് ചെയ്യുന്നത്. ഈ സൗകര്യം ഒരു തരത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ മതിയായ പരിശോധനകൾ നടത്തുന്നുണ്ടെന്നും ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ഈ സർക്കാർ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിൽ ആരും അനധികൃതമായി അധികാരം ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ തോമസ് കെ. പീലിയാനിക്കൽ എന്ന വ്യക്തിയുടെ പരാതിയിൽ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ എഫ്ഐ.ആർ. രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.