Crime
യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരെ ‘ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്

കണ്ണൂർ : നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗം അറിഞ്ഞത് കലക്ടർ പറഞ്ഞിട്ടാണെന്നും യോഗത്തിൽ പങ്കെടുക്കാൻ കലക്ടർ വിളിച്ചെന്നും അന്വേഷണ സംഘത്തിനു ദിവ്യ മൊഴി നൽകി. യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത് അഴിമതിക്കെതിരെയാണ്. തനിക്കുണ്ടായിരുന്നത് നല്ല ഉദ്ദേശ്യമായിരുന്നുവെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.
എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ദിവ്യ പറഞ്ഞു. കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. മൂന്നു മണിക്കൂറാണ് ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ദിവ്യ മറുപടി നൽകിയെന്നാണ് അന്വേഷസംഘം പറയുന്നത്.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ഉദ്യോഗസ്ഥർ നാളെ മലയാലപ്പുഴയിലെ നവീന്റെ വീട്ടിലെത്തും. റിമാൻഡിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നൽകണോ എന്നതിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നുണ്ട്
അതിനിടെ കോടതി വിധിയിലുള്ള ഭാഗങ്ങൾ തള്ളിക്കളയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് കലക്ടർ അരുൺ കെ. വിജയൻ. നവീൻ സംസാരിച്ചതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല. മൊഴി നൽകിയിട്ടുണ്ട്. സത്യം സത്യമായിട്ട് തന്നെ പറഞ്ഞിട്ടുണ്ട്. കോടതി വിധിയിലുള്ള കാര്യങ്ങൾ പുറത്തുവന്നതിനപ്പുറം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തനിക്ക് പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്. നവീന്റെ കുടുംബം തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും അരുൺ കെ. വിജയൻ മാധ്യമങ്ങളോട് പറഞ്ഞു,