Crime
കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴികള്‍ തള്ളി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴികള്‍ തള്ളി മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. വ്യക്തിപരമായി സംസാരിക്കാന്‍ തക്ക ആത്മബന്ധം കളക്ടറോട് നവീന്‍ ബാബുവിന് ഉണ്ടായിരുന്നില്ലെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു
യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബു തന്നെ ചേംബറില്‍ വന്ന് കണ്ടിരുന്നതായി കണ്ണൂര്‍ കളക്ടര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കളക്ടറുടെ മൊഴി തള്ളി നവീന്‍ ബാബുവിന്റെ ഭാര്യ മുന്നോട്ടുവന്നത്.
‘കളക്ടര്‍ പറയുന്നതെല്ലാം നുണയാണ്. കളക്ടറുമായി നവീന്‍ ബാബുവിന് ആത്മബന്ധമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കളക്ടറോട് നവീന്‍ ഒന്നും തുറന്നുപറഞ്ഞിരിക്കാന്‍ സാധ്യതയില്ല. അദ്ദേഹത്തിന് കാര്യങ്ങള്‍ പങ്കുവെക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നില്ല കളക്ടര്‍. കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ മൊഴി സംശയകരമാണ് എന്നും മഞ്ജുഷ പറഞ്ഞു.