KERALA
ആത്മകഥ’യിലെ പരാമര്‍ശങ്ങള്‍ ഇ.പി. ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകി

തിരുവനന്തപുരം:
ആത്മകഥ’യിലെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെ ഇ.പി. ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു മടങ്ങി. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ജയരാജന്‍ കൂട്ടാക്കിയില്ല. പുതിയ വിവാദം സംബന്ധിച്ച് പാര്‍ട്ടിക്ക് അദ്ദേഹം വിശദീകരണം നല്‍കിയെന്നാണു സൂചന. ഇനി പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്താണെന്നതാണ് നിര്‍ണായകമാകുക.
സംസ്ഥാന നേതൃയോഗങ്ങളില്‍നിന്നു കുറെക്കാലമായി വിട്ടുനില്‍ക്കുന്ന ജയരാജൻ , ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന ആണെന്നും താൻ എഴുതിയത് അല്ല പുറത്തുവന്നതെന്നുമാണ് ജയരാജൻ സെക്രട്ടേറിയറ്റിനെ അറിയിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കം താന്‍ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തോട് ആലോചിക്കാതെയാണ് അതു പ്രസാധകര്‍ പ്രസിദ്ധീകരിക്കാനൊരുങ്ങിയതെന്ന വാദം ശരിയാണെന്ന് നേതൃത്വവും കരുതുന്നു.