KERALA
മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടങ്ങി. ചടങ്ങ് ബഹിഷ്‌ക്കരിച്ച് എൻ എസ് എസ്

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത യാത്ര. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എൽ ഡി എഫിന്റെ സമഗ്രവികസന കാഴ്‌ചപ്പാട് രൂപീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, പരിപാടിയിൽ എൻ എസ് എസിന്റെ കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെങ്കിലും സമ്പർക്ക പരിപാടിയ്‌ക്കെത്തില്ലെന്നും ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും എൻ എസ് എസ് അറിയിച്ചു. സംഘടനയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല എന്ന് വിശദീകരിച്ചാണ് എൻ എസ് എസ് സമ്പർക്ക പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മുന്നോക്ക സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയതായും എൻ എസ് എസ് ആരോപിക്കുന്നു. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കാത്ത സർക്കാർ നയത്തോടും എൻ എസ് എസിന് എതിർപ്പുണ്ട്.
കേരള പര്യടനത്തിന് ഉടനീളം കണ്ടുമുട്ടുന്ന പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. ഭാവി കേരളത്തെക്കുറിച്ചുളള എൽ ഡി എഫ് കാഴ്‌ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ ജനകീയാംഗീകാരത്തിന് പിന്നാലെ നടക്കുന്ന പര്യടനം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ് സി പി എം.
കൊല്ലത്തെ ബീച്ച് ഓർക്കിഡ് ഹോട്ടലിലാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്ന് പത്തനംതിട്ടയ്‌ക്ക് പോകുന്ന മുഖ്യമന്ത്രി വൈകുന്നേരം നാലരയ്‌ക്ക് അബാൻ ടവറിൽ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ് കൂടിക്കാഴ്‌ചകൾ. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം. കൊവിഡ് സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുളളതിനാലാണ് എല്ലാ ജില്ലകളും സന്ദർശിച്ച് നാനാതുറയിലുളളവരുമായി ആശയവിനിമയം നടത്തുന്നത്.