KERALA
മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ഓർമ്മയായി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86)അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രാവിലെ 10.52 നായിരുന്നു അന്ത്യം.
സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ തന്നെ സുഗതകുമാരി ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലുമാക്കിയിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് വേണ്ടത്ര തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ഡോ ഷര്‍മദ പഞ്ഞിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വികെ കാര്‍ത്യായനിയുടെയും മകളായി 1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിൽ ജനിച്ചു. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു.
അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.
അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. സൈലന്റ് വാലി അഥവാ നിശ്ശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത്