Connect with us

Crime

നവീന്‍ ബാബുവിൻ്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും അതുകൊണ്ടുതന്നെ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് വിവരം

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നാളെയാണ് ഹൈക്കോടതി ഈ ഹര്‍ജി പരിഗണിക്കുന്നത്.

എല്ലാ തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. തുടര്‍ന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിച്ചായിരിക്കും അന്വേഷിക്കുകയെന്നുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പരിഗണിച്ച് കേസ് സി.ബി.ഐക്ക് വിടണമോയെന്ന കാര്യം കോടതി
തീരുമാനിക്കുക.

ഒക്ടോബര്‍ 16-ന് പുലര്‍ച്ചെയായിരുന്നു കണ്ണൂര്‍ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമര്‍ശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. റിമാൻഡിലായ പി.പി ദിവ്യയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

Continue Reading