Crime
പ്രവീൺ നെട്ടാരു വധക്കേസ്; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി എൻഐഎ റെയ്ഡ്. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 ഇടങ്ങളിലാണ് റെയ്ഡ്. കേസിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഏഴ് പേർ ഒളിവിലാണ്.കേരളത്തിൽ എറണാകുളത്തും, കാസർകോട്ടും പരിശോധന നടക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതി മുസ്തഫ പൈച്ചറെ നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ദക്ഷിണ കർണാടകയിലെ യുവമോർച്ച നേതാവ് ആയിരുന്നു പ്രവീൺ നെട്ടാരു. 2022 ജൂലൈ 26 നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 20 പേരെ പ്രതികളാക്കി കഴിഞ്ഞ ജനുവരിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രദേശത്ത് ഭീതി പടർത്താനും സാമുദായിക അന്തരീക്ഷം തകർക്കാനും പ്രവീണിനെ ഗൂഢാലോചന നടത്തി പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്