Connect with us

Crime

നവീന്‍ബാബുവിന്റെ മരണം വിശദമായ വാദം 12-ന്. കേസ് ഡയറി വിശദമായി പഠിക്കും

Published

on

കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 12-ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആണോ എന്ന് അന്വേഷിക്കാമെന്ന് കോടതി പറഞ്ഞു. അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കേസ് അന്വേഷിക്കാന്‍ സി.ബി.ഐ. വരേണ്ടതുണ്ടോ എന്ന് പരിശോധിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി കേസ് ഡയറി കോടതി വിശദമായി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് സി.ബി.ഐക്ക് കൈമാറണമെങ്കില്‍ കോടതിക്ക് അതിന് ആവശ്യമായ തെളിവുകള്‍ വേണം. അന്വേഷണം ശരിയായ ദിശയിലില്ല നടക്കുന്നത് എന്നും വീഴ്ചകളുണ്ടെന്നും തെളിഞ്ഞാല്‍ മാത്രമേ മറ്റൊരു ഏജന്‍സിക്ക് കൈമാറാനാകൂ. കേസ് ഡയറി വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ എന്നും കോടതി പറഞ്ഞു.ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് ഹര്‍ജി പരിഗണിച്ചത്.

കേസുമായി ബന്ധപ്പെട്ട് ആരുടെയൊക്കെ മൊഴി എടുത്തു, എന്തൊക്കെ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി മുഴുവന്‍ കാര്യങ്ങളും കേസ് ഡയറിയിലുണ്ടാകും. കേസ് അന്വേഷണത്തിന് സി.ബി.ഐ. വരേണ്ടതുണ്ടെങ്കില്‍ അതിനുള്ള കാരണം വേണം. അത് കേസ് ഡയറി പരിശോധിച്ച് മനസ്സിലാക്കാമെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് ഇന്ന് അറിയിച്ചത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. പുറമേനിന്നുള്ള മുറിവുകളൊന്നും നവീന്‍ബാബുവിന്റെ ദേഹത്ത് ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊലപാതകമാണെന്ന് സംശയമുണ്ടെങ്കില്‍ പ്രതിയുടെ ജാമ്യഹര്‍ജി പരിഗണനയ്ക്ക് വന്ന ഘട്ടത്തില്‍ എന്തുകൊണ്ട് അതിനെ ആ രീതിയില്‍ എതിര്‍ത്തില്ലെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു.

അന്വേഷണം തൃപ്തികരമാണെന്നും കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നും യാതൊരു വീഴ്ചയും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും പറയുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Continue Reading