Connect with us

Crime

വടകരയിൽ വാഹനമിടിച്ച് തലശേരി സ്വദേശി  മരിക്കുകയും  ഒമ്പത് വയസുകാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇടിച്ചിട്ട കാർ കണ്ടെത്തി

Published

on

വടകരയിൽ വാഹനമിടിച്ച് തലശേരി സ്വദേശി  മരിക്കുകയും  ഒമ്പത് വയസുകാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇടിച്ചിട്ട കാർ കണ്ടെത്തി

വടകര: വാഹനമിടിച്ച് തലശേരി സ്വദേശി പുത്തലത്ത് ബേബി (62) മരിക്കുകയും ചെറുമകൾ ഒമ്പത് വയസുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്‌ത സംഭവത്തിൽ ഇടിച്ചിട്ട കാർ കണ്ടെത്തി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി (റൂറൽ) നിധിൻ രാജ് ആണ് കാർ കണ്ടെത്തിയ വിവരം അറിയിച്ചത്. അപകട ദിവസം തലശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാർ പിടിച്ചെടുത്തെന്നും വാഹനമോടിച്ചിരുന്ന ആർസി ഉടമ പുറമേരി സ്വദേശി ഷജീർ വിദേശത്തേക്ക് കടന്നതായും എസ്‌പി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതാണെന്നും പിന്നീട് കാറിന് രൂപമാറ്റം വരുത്തിയെന്നും റൂറൽ എസ്‌പി പറഞ്ഞു. അന്ന് പൊലീസിന് ലഭിച്ച ദൃശ്യങ്ങളിലുള്ള വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.ഈ വർഷം ഫെബ്രുവരി 17ന് രാത്രി വടകരയ്‌ക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വെള്ള നിറത്തിലുള്ള കാർ ഇരുവരെയും ഇടിച്ച് വീഴ്‌ത്തിയത്. ശേഷം കാ‌ർ നിർത്താതെ പോയി.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു. ദൃഷാന അബോധാവസ്ഥയിൽ ഏറെനാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്‌മിതയുടെയും മകളാണ് ദൃഷ്‌ടാന. അപകടം നടന്നശേഷം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണത്തിൽ പുരോഗതിയൊന്നും ഉണ്ടായില്ല. ഇതോടെ ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. തുടർന്നാണ് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്.

Continue Reading