Connect with us

KERALA

ഔഫിന്റെ വീട് സന്ദർശിച്ച് മുനവറലി ശിഹാബ് തങ്ങൾ, പ്രതിഷേധവുമായി നാട്ടുകാർ

Published

on


കാസർകോട്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫിന്റെ വീട്ടിൽ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവറലി തങ്ങൾ ഔഫിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരാണെന്നും റൗഫിന്റെ കുടുംബത്തിന്റെ വേദനയിൽ തങ്ങളും പങ്കു ചേരുന്നുവെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മുനവറലി തങ്ങൾ പറഞ്ഞു.

പ്രാദേശിക വിഷയങ്ങളാണ് കൊലപാതകത്തിലേക്ക് വഴി തുറന്നത്. അതല്ലാതെ ഉന്നത ഗൂഢാലോചന ഇതിൽ ഇല്ല. മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യം അതല്ല. ഇവിടെ നീതി ലഭിക്കണം. കേസിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണെന്നും മുനവറലി തങ്ങൾ പറഞ്ഞു.

യൂത്ത് ലീഗോ മുസ്ലീം ലീഗോ അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല. പാർട്ടി അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് താൻ ഇവിടെ എത്തിയത്. രാഷ്ട്രീയ കൊലകളിലെ ഇരകളുടെ വികാരം തിരിച്ചറിയുന്ന അവരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുസ്ലീം ലീഗ് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തിന്റെ പേരിൽ ഈ നാട്ടിൽ ആരും കൊല്ലപ്പെടരുത്. റൗഫിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം വേണം എന്നാണ് ആവശ്യം. കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്നലെ തന്നെ യൂത്ത് ലീഗിൽ നിന്നും പുറത്താക്കിയതാണെന്നും മുനവറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.ഔഫിന്റെ കുടുംബാംഗങ്ങളെ കാണാൻ പ്രാദേശിക ലീഗ് നേതാക്കൾക്കൊപ്പമാണ് മുനവറലി ശിഹാബ് തങ്ങൾ എത്തിയെങ്കിലും മുനവറലി തങ്ങളെ മാത്രമാണ് നാട്ടുകാർ ഔഫിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്. മുനവറലി തങ്ങളുടെ വാഹനം തടഞ്ഞ പ്രദേശവാസികൾ ബാക്കിയുളള നേതാക്കൾ വീട്ടിൽ കയറാൻ സമ്മതിക്കില്ലെന്ന കർശന നിലപാടാണ് സ്വീകരിച്ചത്.

Continue Reading