Crime
ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍.

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. രാഷ്ട്രീയമായ ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ഉള്‍പ്പെടുത്തിയെന്നും വിധിക്കെതിരെ ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് ഏറ്റെടുത്ത സി.ബി.ഐ ശ്രമിച്ചത് സിപിഎം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നു എന്നതാണ്. ഞങ്ങള്‍ അന്നേ നിഷേധിച്ചതാണ്. രണ്ടുപേര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ് അന്നും, ഇന്ന് കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തിലും പറയാനുള്ളത്. – എം.വി ഗോവിന്ദന്‍ പറഞ്ഞു.കേസില്‍ കോടതി വെള്ളിയാഴ്ച വിധി പറഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
കുഞ്ഞിരാമനുള്‍പ്പെടെയുള്ളവരുടെ കുറ്റം പോലീസിന്റെ അന്വേഷണം തടസ്സപ്പെടുത്തി എന്നുള്ളതാണ്. യഥാര്‍ഥത്തില്‍ അവര്‍ പോലീസ് അന്വേഷണത്തെ സഹായിക്കുകയാണ് ചെയ്തത്. അന്വേഷണം തടസ്സപ്പെടുത്തി എന്നാണ് വിധി വന്നിരിക്കുന്നത്. അതുകൊണ്ടാണ് രണ്ടുതരത്തിലുള്ള വിധി വന്നത്. ഇത് അവസാനത്തെ വാക്കല്ലെന്നും ഉയര്‍ന്ന കോടതികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
രാഷ്ട്രീയമായ ലക്ഷ്യത്തോടെ സി.പി.എമ്മിനെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ശക്തിയായി കൈകാര്യം ചെയ്യും. പോലീസ് പറഞ്ഞത് തന്നെയാണ് സി.ബി.ഐയും പറഞ്ഞത്. അതിന് പുറമേ രാഷ്ട്രീയമായ ലക്ഷ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കന്മാരേയും ഉള്‍പ്പെടുത്തി എന്നുമാത്രമേയുള്ളൂ. അവരെ കേസിന്റെ ഭാഗമാക്കാന്‍ സാധിച്ചിട്ടില്ല. അതിന് വേറെ ചില വകുപ്പുകള്‍ ഉപയോഗിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പാര്‍ട്ടി അന്ന് തന്നെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.