Connect with us

Crime

ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കല്ല്യോട്

Published

on

കാസര്‍കോട് : പെരിയ കൊലപാതക കേസിൻ്റെ ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കല്ല്യോട്ടെ കൃപേഷിന്റേയും ശരത് ലാലിന്റേയും സ്മൃതിമണ്ഡപം സാക്ഷ്യം വഹിച്ചത്. കൃപേഷിന്റെ അമ്മയും ശരത് ലാലിന്റെ അച്ഛനും ബന്ധുക്കളുമായിരുന്നു കല്ല്യോട്ടെ വീട്ടില്‍ വിധി കാത്തിരുന്നത്. വിധിപ്രഖ്യാപനത്തിന് പിന്നാലെ സ്മൃതികുടീരത്തില്‍ കെട്ടിപ്പിടിച്ച് അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു.

വിധിയില്‍ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. “നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ. നഷ്ടം ഞങ്ങൾക്ക് മാത്രമാണ്. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്”. ഇരട്ടജീവപര്യന്തം ശിക്ഷയില്‍ അപ്പീല്‍ പോകാൻ പ്രസ്ഥാനത്തോട് ആവശ്യപ്പെടുമെന്ന് സഹോദരി പറഞ്ഞു,

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പ്രതികരിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞ ശിക്ഷയാണ്. ബാക്കിയുള്ള പ്രതികള്‍ക്കും ജീവപര്യന്തം കിട്ടണമെന്നാണ് ആഗ്രഹം. അപ്പീല്‍ കൊടുക്കണോയെന്നതില്‍ പാര്‍ട്ടിയുമായും അഭിഭാഷകനുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കൃഷ്ണന്‍ പറഞ്ഞു.

പെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

Continue Reading