Business
നിരുപാധികം മാപ്പപേക്ഷിക്കുന്നെന്ന് ബോബി; സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി: ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ ഹൈക്കോടതി സ്വീകരിച്ചു. സംഭവിച്ചതിൽ വിഷമമുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നും ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. രേഖാമൂലമുള്ള മാപ്പപേക്ഷ ബോബി ചെമ്മണ്ണൂർ കോടതിയിൽ സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു.
ജാമ്യവുമായി ബന്ധപ്പെട്ട് ഇന്നു മൂന്നാം തവണയാണ് കോടതി ബോബിയുടെ അഭിഭാഷകരെ വിളിച്ചു വരുത്തി സംസാരിച്ചത്. കോടതി ഉയർത്തിയ എല്ലാ ആശങ്കകളും തങ്ങളും പങ്കുവയ്ക്കുന്നെന്ന് അഭിഭാഷകർ വ്യക്തമാക്കി. സംഭവിച്ചതിൽ ബോബിക്ക് നല്ല വിഷമമുണ്ട്. നിരുപാധികം മാപ്പുപേക്ഷിക്കുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നിറയെ മാധ്യമപ്രവർത്തകരായിരുന്നു. അപ്പോൾ സംഭവിച്ച നാക്കുപിഴയായി കണ്ട് നടപടികളൊന്നും സ്വീകരിക്കരുതെന്ന് ബോബിയുടെ അഭിഭാഷകർ കോടതിയോട് പറഞ്ഞു. ബോബിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ തങ്ങൾക്ക് കടക്കേണ്ടി വരുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ബോബിയുടെ ജാമ്യം റദ്ദാക്കാൻ നോട്ടിസ് നൽകാനും മടിക്കില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പു നൽകി.
രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണു ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. ഉച്ചയ്ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ കോടതി അംഗീകരിച്ചില്ല. തടവുകാർക്കു വേണ്ടിയാണോ ബോബി തലേന്നു ജയിലിൽ കഴിഞ്ഞതെന്നു മാധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി. 1.45ന് വിഷയം വീണ്ടും കേട്ടപ്പോൾ ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.
ഹൈക്കോടതിയോടാണു കളിക്കുന്നത്. തടവുകാരുടെ കാര്യങ്ങളൊക്കെ അയാൾ നോക്കും, ജുഡീഷ്യറി ഒന്നും ഇനി വേണ്ട എന്നാണോ? ബോബിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെപ്പോലും അയാൾ അപമാനിക്കുകയാണു ചെയ്തത്. അയാളുടെ ജാമ്യ ഉത്തരവ് എഴുതാൻ വേണ്ടി ഞാൻ 12.30ന് ഇറങ്ങി, എന്നിട്ടാണ് 3.30ന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും അയാൾ നാടകം കളിക്കുകയായിരുന്നു’’– ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
