Crime
ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. തടവും അര ലക്ഷം പിഴയും

കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം. തടവും അര ലക്ഷം രൂപ പിഴയും ‘ കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെവന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി.
17 ലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം അറിയിച്ചു. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. വിധിവായിക്കുന്നതിന് മുമ്പ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സഞ്ജയ് റോയി കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി.2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.