KERALA
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നീണ്ടുപോയതുമായി ബന്ധപ്പെട്ട തര്‍ക്കം നിയമ സഭ ബഹളത്തില്‍ കലാശിച്ചു.സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം നീണ്ടുപോയതുമായി ബന്ധപ്പെട്ട തര്‍ക്കം നിയമ സഭ ബഹളത്തില്‍ കലാശിച്ചു. താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നുവെന്ന് കഴിഞ്ഞ ദിവസംതന്നെ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നും സംഭവിച്ചത്.
വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ നിര്‍ത്താനാവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണം. എന്നാല്‍, ഒരുതരത്തിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ക്ഷുഭിതനായതോടെ തര്‍ക്കത്തിലേക്കും കടന്നു.പിന്നാക്കവിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരന്നു വി.ഡി സതീശന്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. സഭ നടത്തിക്കൊണ്ടുപോവണോ എന്ന് അങ്ങ് തീരുമാനക്കണമെന്നും എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് സഭനടത്തിക്കൊണ്ട് പോവാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും സഭയില്‍ സംസാരിക്കുന്നത് ഔദാര്യമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് താന്‍ ഇടപെട്ടതെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഇതിനിടെ പ്രതിപക്ഷ എ.എല്‍.എമാര്‍ ഒന്നാകെ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. പെട്ടെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മൈക്ക് ഓഫ് ചെയ്യുകയും അംഗങ്ങളെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തയ്യറാവാതെവന്നതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് അടുത്ത നടപടിക്രമമായ ശ്രദ്ധക്ഷണക്കലിലേക്ക് കടക്കുകയായിരുന്നു.