Connect with us

KERALA

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. മൂന്ന് പേർ മരിച്ചു.

Published

on

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. മൂന്ന് പേർ മരിച്ചു. ‘ഇടഞ്ഞ ആന ക്ഷേത്ര ഓഫീസ് ഉൾപ്പെടെ തകർത്തതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 33 ഓളം പേർക്ക് പരിക്കേറ്റു.

കുറുവങ്ങാട്‌ വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70) രാജൻ (60) എന്നിവരാണ് മരണപ്പെട്ടത്. . ഏഴു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.

ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകള്‍ മരണപ്പെട്ടത്. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു.

അക്രമാസക്തരായ ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. കെട്ടിടം തകര്‍ന്നുവീണ് അതിനടിയില്‍ പെട്ടും ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.

Continue Reading