KERALA
പതിനൊന്നുകാരനെ കഴുത്തറുത്ത് കൊന്ന് പിതാവ് ഇളയ മകനെയെടുത്ത് ക്ഷേത്ര കുളത്തിൽ ചാടി മരിച്ചു

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പിതാവ് സഫീറിന്(35) പിന്നാലെ സമീപത്തെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ ഇളയ മകന്‍റെ മൃതദേഹവും കണ്ടെത്തി. ഇളയമകനുമായി സഫീർ കുളത്തില്‍ ചാടിയെന്നാണ് പൊലീസ് നിഗമനം.
നൈനാംകോണം സ്വദേശിയായ സഫീര്‍, മക്കളായ അല്‍ത്താഫ്(11), അൻഷാദ്(എട്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാവായിക്കുളം നൈനാംകുളം കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അല്‍ത്താഫിന്റെ മൃതദേഹം വീടിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അന്‍ഷാദിനും സഫീറിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. അന്വേഷണത്തില്‍ ക്ഷേത്രക്കുളത്തിന് സമീപം ഇദ്ദേഹത്തിന്റെ ഓട്ടോ കണ്ടെത്തി. തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് കുളത്തില്‍ പരിശോധന നടത്തുകയായിരുന്നു.
അൽപ്പസമയത്തിനകം സഫീറിന്‍റെ മൃതദേഹം കണ്ടെത്തി. എന്നാൽ അൻഷാദിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൂടുതൽ വിപുലമായ തെരച്ചിലിനൊടുവിലാണ് ഉച്ചയോടെ അൻഷാദിന്‍റെ മൃതദേഹം ക്ഷേത്രക്കുളത്തിൽനിന്ന് ലഭിച്ചത്.
സൂർപ്പർ മാർക്കറ്റ് ജീവനക്കാരിയായ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു സഫീർ. ഭാര്യ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. മക്കൾ സഫീറിനൊപ്പമാണ് താമസിച്ചിരുന്നത്. നാവായിക്കുളത്ത് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു സഫീർ