Connect with us

Crime

നടി സൗന്ദര്യയുടേത് അപകട മരണമല്ല :തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെ പരാതി

Published

on

ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങൾ ഉയരുന്നു. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമല്ലന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. ചിട്ടി മല്ലു എന്ന വ്യക്തിയാണ് ഖമ്മം പൊലീസിന് പരാതി നൽകിയിരിക്കുന്നത്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്തുതർക്കമാണ് സൗന്ദര്യയുടെ മരണത്തിന് പിന്നിലെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

നടി മരണപ്പെടുന്നതിന് മുൻപ് ഷംഷാദ് മേഖലയ്ക്ക് സമീപത്തായി ജൽപ്പളളിയിൽ ആറ് ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഭൂമി തനിക്ക് വിൽക്കണമെന്ന് മോഹൻ ബാബു സൗന്ദര്യയോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ സൗന്ദര്യയുടെ സഹോദരൻ അമർനാഥ് ഷെട്ടി ഇടപാട് എതിർത്തെന്നാണ് വിവരം. ഇത് സൗന്ദര്യയുടെ കുടുംബത്തിനും മോഹൻ ബാബുവിനുമിടയിൽ സംഘർഷമുണ്ടാക്കിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. സൗന്ദര്യയുടെ മരണശേഷം മോഹൻ ബാബു ഭൂമി സ്വന്തമാക്കിയെന്നും പരാതിയിലുണ്ട്. ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്​റ്റർ ചെയ്തിട്ടില്ല.ഭൂമി കൈയേ​റ്റത്തിൽ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ ചിട്ടി മല്ലു ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം അസിസ്​റ്റന്റ് പൊലീസ് കമ്മീഷണർക്കും ജില്ലാ പൊലീസ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. മോഹൻബാബുവും ഇളയ മകൻ മഞ്ചു മനോജും തമ്മിലുളള സ്വത്ത് തർക്കവും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരോപണങ്ങളോട് മോഹൻബാബു ഇതുവരെ പ്രതികരിച്ചിട്ടില്ല.
1999ൽ അമിതാഭ് ബച്ചൻ നായകനായെത്തിയ സൂര്യവംശം എന്ന ചിത്രത്തിൽ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ നടിയാണ് സൗന്ദര്യ. തെലുങ്കിലും തമിഴിലും മലയാളത്തിലും മുൻനിര നായകൻമാരോടൊപ്പവും സൗന്ദര്യ അഭിനയിച്ചിരുന്നു. 2004 ഏപ്രിൽ 17ന് ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ കരീംനഗറിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ജെറ്റ് തകർന്നാണ് താരവും സഹോദരനും മരിച്ചത്. 31 വയസായിരുന്ന സൗന്ദര്യ മരിക്കുമ്പോൾ ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടസ്ഥലത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Continue Reading