Connect with us

KERALA

ധനമന്ത്രി നിര്‍മലാ സീതാരാമനുമായി  പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.

Published

on

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  രാവിലെ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ധനമന്ത്രി എത്തിയത്. കേരള ഹൗസിലെ കൊച്ചിന്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടു. രാവിലെ ഒമ്പത് മണിയോടെ എത്തിയ ധനമന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഭാത ഭക്ഷണവും കഴിച്ച് 9.50-ഓടെയാണ് മടങ്ങിയത്.

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടേതെന്നാണ് പിആര്‍ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, കൂടിക്കാഴ്ചയില്‍ വയനാട് വിഷയം സജീവമായി മുഖ്യമന്ത്രി ഉന്നയിച്ചുവെന്നും അത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടി ധനമന്ത്രി നൽകിയെന്നും വിവരമുണ്ട്.
ധനമന്ത്രിയുമായി സംസ്ഥാനം നേരത്തേ ചര്‍ച്ചചെയ്ത വിഷയങ്ങള്‍ വീണ്ടും മുഖ്യമന്ത്രി ഉന്നയിച്ചതായാണ് സൂചന. മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായം പൂര്‍ണതോതില്‍ ലഭ്യമാക്കുക, വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 525 കോടിയുടെ കടസഹായം ചെലവഴിക്കുന്നതിന് സാവകാശമനുവദിക്കുക, വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ വികസന സഹായം നല്‍കുക, കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തുക, ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അതിവേഗ റെയില്‍ സംബന്ധിച്ച് ഇ. ശ്രീധരന്‍ നല്‍കിയ പദ്ധതികള്‍ പരിശോധിച്ച് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി, ധനമന്ത്രിയെ അറിയിച്ചതായാണ് വിവരം.

Continue Reading