Crime
ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. റയ്ഡ് നടത്താൻ പോലീസ് ഇറങ്ങിയത് പ്രിൻസിപ്പളിൻ്റെ കത്തിനെ തുടർന്ന്

കൊച്ചി: കളമശേരി പോളിടെക്നിക്ക് ലഹരിക്കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണിവർ. ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന സൂചന ചോദ്യം ചെയ്യലിലൂടെ ലഭിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി ടി വി ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥികൾ ഉൾപ്പെട്ട കേസാണിത്. പൂർണമായ തെളിവുകൾ ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ. അറസ്റ്റിലായവരാണ് കഞ്ചാവ് വിതരണം ചെയ്തിട്ടുളളത്. കേസിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കും, വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഇവർ ഹോസ്റ്റലിൽ സാധനം എത്തിച്ചിട്ടുളളത്. ഇവർക്കെതിരെ മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. പൂർവ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്’- എസിപി വ്യക്തമാക്കി.
ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോൺ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ച വിദ്യാർത്ഥികളെ ആവശ്യമെങ്കിൽ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
അ തിനിടെ കോളേജ് പ്രിൻസിപ്പൽ ഡോ. ഐജു തോമസിന്റെ നിർണായകമായ ഇടപെടലിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ക്യാംപസിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിൻസിപ്പൽ പൊലീസിന് പരാതി നൽകിയിരുന്നു. ഇതാണ് റെയ്‌ഡിലേക്ക് നയിച്ചത്.പ്രിൻസിപ്പൽ അയച്ച കത്തിലെ വിവരങ്ങൾ
ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ 14-ാം തീയതി ഉച്ച മുതൽ ഹോളി ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മദ്യം, ലഹരി മരുന്ന്, മറ്റ് ലഹരി പദാർഥങ്ങളുടെയും അനിയന്ത്രിത ഉപയോഗം അന്നേ ദിവസം ഉണ്ടാകും എന്ന് വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഈ ആവശ്യത്തിലേക്കായി പണപ്പിരിവ് നടത്തുന്നതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ ക്യാംപസിനുള്ളിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും ക്യാംപസിന് പുറത്തും ഹോസ്റ്റൽ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ സമുചിതമായ ഇടപെടൽ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നുവെന്നായിരുന്നു പ്രിൻസിപ്പൽ പോലീസിന് നൽകിയ കത്തിലെ വിവരങ്ങൾ