Connect with us

Crime

കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പ്രണയപ്പകയെന്നു പൊലീസ്

Published

on

കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പ്രണയപ്പകയെന്നു പൊലീസ്.

കൊല്ലം : കൊല്ലം നഗരമധ്യത്തിലെ വീട്ടിലെത്തി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ പ്രണയപ്പകയെന്നു പൊലീസ്. ഫാത്തിമാ മാതാ നാഷനൽ കോളജ് രണ്ടാം വർഷം ബിസിഎ വിദ്യാർഥിയും ഉളിയക്കോവിൽ വിളപ്പുറം മാതൃകാ നഗർ 162 ഫ്ലോറിഡെയ്‌ലിൽ‌ ജോർജ് ഗോമസിന്റെ മകനുമായ ഫെബിൻ ജോർജ് ഗോമസാണ് (21) ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) ഗ്രേഡ് എസ്ഐ നീണ്ടകര പുത്തൻതുറ തെക്കടത്ത് രാജുവിന്റെ മകൻ തേജസ്സ് രാജ് (23) ആണു ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിജിനു സമീപം ട്രെയിൻ തട്ടി മരിച്ചത്.

കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുൻപു പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽനിന്നു പിൻമാറി. ഇത് തേജസ്സിനു മനസ്സിൽ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്‍റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ കാര്യം പറഞ്ഞതോടെയാണു വിവാഹം ഉറപ്പിച്ചത്.

ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തേജസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതും വൈരാഗ്യത്തിനു കാരണമായി. പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണു വിവരം. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കി. ഈ ദേഷ്യമാണു യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. കുത്തേറ്റ യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് ചികിത്സയിൽ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് 6.45ന് ആണ് സംഭവം. വെള്ള നിറമുള്ള കാറിൽ പർദ ധരിച്ചാണ് ഫെബിന്റെ വീട്ടിലേക്ക് തേജസ്സ് എത്തിയത്. കുത്തേറ്റ ഫെബിൻ രക്ഷപ്പെടാൻ റോഡിലേക്ക് ഇറങ്ങിയെങ്കിലും താഴെ വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനു ശേഷം അതേ കാറിൽ തന്നെയാണ് ഏകദേശം 3 കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ മേൽപാലത്തിന് അടിയിൽ തേജസ്സ് ജീവനൊടുക്കിയത്

Continue Reading