KERALA
സംസ്ഥാനത്ത് ബിജെപിയെ നയിക്കാൻ ഇനി രാജീവ് ചന്ദ്രശേഖർ : കേന്ദ്രം കേരളത്തിൽ നടത്തിയത് പുതിയ പരീക്ഷണം

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ നയിക്കാൻ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ . അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നാളെ ഉണ്ടാകും എന്നാണ് അറിയുന്നത്. പറയത്തക്ക സംഘപരിവാർ പശ്ചാത്തലമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ പരീക്ഷണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. വളരാൻ ഏറെ അനുകൂലമായ സാഹചര്യം ഉണ്ടെങ്കിലും അത് മുതലെടുക്കാതെ ഗ്രൂപ്പുപോരിൽപ്പെട്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സംസ്ഥാനത്തെ പാർട്ടിക്ക് രാജീവിന്റെ വരവിലൂടെ പുതിയ ഉന്മേഷം ഉണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെതിരെ രാജീവ് കടുത്ത മത്സരം കാഴ്ചവച്ചിരുന്നു. നിസാര വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. മാറുന്ന കാലത്തെ വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് അദ്ദേഹത്തെ പാർട്ടി അവതരിപ്പിച്ചത്. അതിനാൽ തന്നെ കക്ഷി രാഷ്ട്രീയത്തിനതീതമായ വോട്ടുകൾ അദ്ദേഹത്തിന് നേടാനാവുകയും ചെയ്തു.കർണാടിയിൽ നിന്ന് മൂന്നുവട്ടം രാജ്യസഭയിലെത്തിയ അദ്ദേഹം ആദ്യമായാണ് കേരളത്തിൽ ജനവിധി തേടിയത്. അതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.വയർലസ് ഫോൺ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈൽഫോണും ഇറക്കി ഇന്ത്യൻ മാർക്കറ്റിൽ 1994ല്‍ ബിപിഎല്ലിലൂടെ രാജീവ് രാജ്യത്ത് വിസ്മയമായി. രാജീവ് അദ്ധ്യക്ഷനായി എത്തുന്നതിലൂടെ കേരളത്തിലെ ബിജെപിയും പുതുചരിത്രം രചിച്ച് വിസ്മയമാകുമെന്നാണ് അണികളിൽ ഏറെയും കരുതുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടൊപ്പം സ്വന്തമായി വസതിയും വാങ്ങിയിരുന്നു. അതിനാൽത്തന്നെ അദ്ദേഹം സംസ്ഥാന അദ്ധ്യക്ഷനായേക്കും എന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.ഗ്രൂപ്പുപോര് അരങ്ങുവാഴുന്ന കേരള ബിജെപിയിൽ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ മത്സരം പരമാവധി ഒഴിവാക്കാനുള്ള നീക്കമായിരുന്നു ദേശീയ നേതൃത്വം കൈക്കൊണ്ടിരുന്നത്. നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 2020 ഫെബ്രുവരിയിലാണ് ചുമതലയേറ്റത്. തുടർന്ന് അദ്ദേഹത്തിന് കാലാവധി നീട്ടി നൽകുകയായിരുന്നു.