Crime
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ ഏക പ്രതി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയാണെന്ന് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ദിവ്യ കുറ്റക്കാരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവ്യയുടെ പ്രസംഗമാണ് നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡിഐജിയുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് കുറ്റപത്രം ഇന്ന് വൈകിട്ടോടെ സമർപ്പിച്ചത്.
നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് നവീനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ തന്നെയാണ്. സ്വന്തം ഫോണിൽ നിന്ന് ചാനൽ കാമറാമാൻ ചിത്രീകരിച്ച പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ദിവ്യ പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീൻ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവീന്റെ കുടുംബാംഗങ്ങൾ അടക്കം 82 പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. 400ഓളം പേജുകളാണ് കുറ്റപത്രത്തിലുള്ളത്.ആത്മഹത്യക്ക് മുൻപ് നവീൻ ബാബു രണ്ട് തവണ ക്വാർട്ടേഴ്സിൽ എത്തിയെന്നും നാട്ടിലേക്കുള്ള ട്രെയിൻ പോയതിന് ശേഷവും റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ട്രെയിൻ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്ഫോമിൽ മണിക്കൂറുകൾ ചിലവഴിച്ചെന്നും ആത്മഹത്യ ചെയ്യുന്നത് പുലർച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിലുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ദിവ്യയാണെന്ന ആരോപണത്തിന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടും അടിവരയിടുന്നു. പെട്രോൾ പമ്പ് അനുമതിക്ക് നവീൻ കൈക്കൂലി വാങ്ങിയതിനോ, ചോദിച്ചതിനോ തെളിവില്ല. എല്ലാം ദിവ്യ കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാകാം. അപമാനിക്കാൻ ദിവ്യ ആസൂത്രിതശ്രമം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോർട്ട് കൈമാറിയിരിക്കുകയാണ്.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ 2024 ഒക്‌ടോബറിലാണ് തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തലേദിവസം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്നിരുന്നു. ഇതിനിടെ ചടങ്ങിലെത്തിയ അന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു.ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി.വി.പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകൾ. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എഡിഎമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്. ഇതിന് പിന്നാലെയാണ് രാവിലെ നവീനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.