Crime
മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടി വച്ചു കൊന്ന ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടി വച്ചു കൊന്ന മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.
2001 ഫെബ്രുവരി 9നാണ് ശങ്കരനാരായണന്‍റെ മകളെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
പ്രതി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂലൈ 27ന് ഇയാൾ കൊല്ലപ്പെട്ടു. അതിനു പിന്നാലെ ശങ്കരനാരായണൻ കൊലക്കുറ്റം ഏറ്റെടുത്ത് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
മഞ്ചേരി സെഷൻസ് കോടതി ശങ്കരമ നാരായണൻ അടക്കം മൂന്നു പേരെ ജീവപര്യന്തം ശിക്ഷിച്ചു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.