Crime
ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതിയെ വീട്ടിൽ കയറി കുത്തിയ പ്രതി പിടിയിൽ

കോഴിക്കോട് : ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതിയെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപിച്ച കേസിൽ 2 മാസമായി ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. ചേലേമ്പ്ര പുല്ലിപ്പറമ്പ് തലക്കോട്ടിരി പുറായി കണ്ടാരംപൊറ്റ സനൂപ്(37)ആണു അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
നവംബർ 7നാണു കടലുണ്ടി സ്വദേശിനിയായ യുവതിയെ ഇയാൾ കുത്തിപ്പരുക്കേൽപിച്ചത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു പൊലീസ് നീക്കം. പുല്ലിപ്പറമ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ചു മഞ്ചേരി കാളികാവിൽ പോയതായി വിവരം ലഭിച്ചയുടൻ അന്വേഷണസംഘം അവിടെ പോയെങ്കിലും പിടികൂടാനായില്ല.
പുല്ലിപ്പറമ്പ് ഭാഗത്ത് രാത്രി എത്തുന്നതായി അറിഞ്ഞ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ഉറപ്പു വരുത്തി. മഫ്തിയിൽ നിരീക്ഷണം നടത്തുന്നതിനിടെ 2 വട്ടം പ്രതിയെ നേരിൽ കണ്ടെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം രാത്രി കൊളക്കുത്ത് ഭാഗത്ത് ഇയാളെ കണ്ടതായി വിവരം ലഭിച്ചതോടെ വൈകിട്ട് പൊലീസ് പ്രദേശം വളഞ്ഞു.
തിരച്ചിൽ നടത്തുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിൽ കണ്ട പ്രതി 20 അടി താഴ്ചയുള്ള മതിൽ ചാടിക്കടന്നു ഓടിപ്പോയി. പിന്തുടർന്നു ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ചു അന്വേഷണം നടത്തുന്നുണ്ട്.