Crime
ഷൈൻ ടോം ചാക്കോയ്ക്കായി തെരച്ചിൽ ഊർജ്ജിതം. നടൻ പൊള്ളാച്ചിയിലെത്തിയതായി സൂചന : നിയമ നടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നു നടിയുടെ അച്ഛൻ

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്കായി തെരച്ചിൽ ഊർജ്ജിതം. നിലവിൽ നടൻ പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയാണെന്നാണ് സൂചന.
ലഹരിവേട്ട നടത്തുന്ന ഡാൻസാഫ് സംഘം എത്തിയതറിഞ്ഞ് ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ അജ്ഞാതന്റെ ബൈക്കിൽ നഗരത്തിലെ മറ്റൊരു ഹോട്ടലിലേക്കായിരുന്നു ആദ്യം പോയത്. ഇവിടെ നിന്ന് അന്ന് പുലർച്ചെയോടെ സ്ഥലം വിട്ടു.
ഷൂട്ടിംഗിനിടെ മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സിന് നൽകിയ പരാതി പുറത്താവുകയും ആരോപണ വിധേയൻ ഷൈനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിതിനു പിന്നാലെയാണ് നടൻ സ്ഥലംവിട്ടത്.എടപ്പാളിൽ നടന്ന ഷൂട്ടിംഗിനിടെ ലഹരിമരുന്ന് ഉപയോഗിച്ച ഷൈൻ മോശമായി പെരുമാറി. ലൈംഗികച്ചുവയോടെ സംസാരിച്ചു. മുറിയിൽ കയറിയപ്പോൾ വാതിലിൽ മുട്ടി. കൃഷ്ണമണി തുറിച്ചുനിൽക്കുന്നതും കണ്ടു. റിഹേഴ്സലിനിടെ നടന്റെ വായിൽ നിന്ന് വെളുത്ത നിറത്തിലുള്ള വസ്‌തു പുറത്തേക്ക് തെറിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു.അതേസമയം, വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടിയിരിക്കുകയാണ് എക്‌സൈസ്. നിയമ നടപടിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് നടിയുടെ അച്ഛൻ എക്‌സൈസിന് നൽകിയ മറുപടി. പൊലീസിന് പരാതി നൽകില്ലെന്ന് വിൻസി നേരത്തെ അറിയിച്ചിരുന്നു.