Crime
ഭീകരാക്രമണം നടത്തിയവർ ചിന്തിക്കാത്ത തരത്തിൽ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രിഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും

പാറ്റ്ന: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും ബീഹാറിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ മുന്നറിയിപ്പ് നൽകുന്നുവെന്നും ഈ ഭീകരാക്രമണം നടത്തിയവർ ചിന്തിക്കാത്ത തരത്തിൽ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരരെ കണ്ടെത്തും. ആക്രമണത്തെ ഭീരുത്വമെന്നും മനുഷ്യത്വരഹിതമായ പ്രവൃത്തിയെന്നും വിശേഷിപ്പിച്ച മോദി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന മുഴുവൻ രാജ്യവും പങ്കിടുന്നുവെന്ന് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം അർപ്പിച്ച് രണ്ടുമിനിറ്റ് മൗനം ആചരിക്കാൻ പ്രധാനമന്ത്രി സദസിലുള്ളവരോട് ആവശ്യപ്പെട്ടു. തുടർന്ന് മാനം ആചരിച്ചശേഷമാണ് പ്രസംഗം ആരംഭിച്ചത്.’
പഹൽഗാം ആക്രമണത്തിൽ രാജ്യം മുഴുവൻ ദുഃഖിതരാണ്. പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാരെ ഭീകരർ എങ്ങനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. രാജ്യം മുഴുവൻ അതിന്റെ ഞെട്ടലിലാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭീകരരർക്കും ഗൂഢാലോചന നടത്തിയവർക്കും അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കും. രാജ്യം പഹൽഗാമിൽ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമായവർക്കൊപ്പമാണ്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുമെന്നും മോദി പറഞ്ഞു.