Connect with us

Crime

സൈന്യം ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യുജമ്മു കശ്മീരിൽ സിആർഎഫും കരസേനയും പൊലീസും സംയുക്തമായാണ് ഓപ്പേറഷൻ നടത്തുന്നത്.

Published

on

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സൈന്യം ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഉധംപുർ ബസന്ദ്ഗഢിലെ ഭൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വെടിവയ്‌പ്പുണ്ടായത്.
ഭീകരരുടെ താവളം കണ്ടെത്തി സൈന്യം വളഞ്ഞതായും ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജമ്മു കശ്മീരിൽ സിആർഎഫും കരസേനയും പൊലീസും സംയുക്തമായാണ് ഓപ്പേറഷൻ നടത്തുന്നത്. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഓപ്പറേഷന് ബർസിഗലി എന്ന പേരാണിട്ടിരിക്കുന്നത്.

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ ആദ്യം ബാരാമുല്ലയിലെ ഉറിയിലൂടെയാണ് ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പിന്നാലെ കുൽഗാമിലും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്‌പ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ അറബിക്കടലിൽ പാക്ക് തീരത്തോടു ചേർന്ന് പാക്കിസ്ഥാൻ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണം ഉൾപ്പെടെ നടത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്.

Continue Reading