Connect with us

Crime

വീണ്ടും പാക് പ്രകോപനം.നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായി:  ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നു മേഖലയില്‍ വെടിവെപ്പ് തുടരുന്നു

Published

on

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നതായും മേഖലയില്‍ വെടിവെപ്പ് തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതിനിടെ, കശ്മീരിലെ ബന്ദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും തുടരുകയാണ്. ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നവിവരത്തെ തുടര്‍ന്ന് സൈന്യം ഇവിടം വളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും ജമ്മു-കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. 24 മണിക്കൂറിനുള്ളില്‍ ജമ്മുവില്‍ ഭീകരരും സുരക്ഷാസേനയുംതമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്.

പഹല്‍ഗാമില്‍ ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. സംഭവത്തോടുള്ള പ്രതികരണമായി ഇന്ത്യ, സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ 1972-ലെ ഷിംല കരാര്‍ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപരബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

Continue Reading