Crime
ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.രണ്ട് ലഷ്‌കര്‍ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യം ഇവിടം വളയുകയായിരുന്നു.
അതിനിടെ, പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു. ആക്രമണത്തില്‍ പങ്കെടുത്ത ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇവരുടെ കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ പ്രദേശവാസികളില്‍നിന്ന് കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ വീടുകള്‍ തകര്‍ത്തത്.
വെള്ളിയാഴ്ച നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായിരുന്നു. രാവിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. മേഖലയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും ജമ്മു-കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. 24 മണിക്കൂറിനുള്ളില്‍ ജമ്മുവില്‍ ഭീകരരും സുരക്ഷാസേനയുംതമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്.