Connect with us

Crime

പാകിസ്ഥാനിൽ റെഡ് അലർട്ട്അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്ക് നിർദേശം

Published

on

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നൽകാൻ പാക് സൈന്യത്തിന് നിർദേശം നൽകി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാനിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്ക് അധികൃതർ നിർദേശവും നൽകി.

ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണമായും അടച്ചു. പാകിസ്ഥാനിലെ പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നൽകിയത്. ഇന്ന് പുലർച്ചെ 1.05ന് നടന്ന ആക്രമണത്തിൽ പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് സഹായികളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 90ഓളം ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നൽകിയതെന്നും പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

നിലവിൽ ഇന്ത്യ – പാക് അതിർത്തിയിൽ സംഘർഷം തുടരുകയാണ്.അതേസമയം, നിലവിലെ സ്ഥിതിഗതികൾ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ ആക്രമണം നിർത്താമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇന്ന് രാവിലെ നടത്തിയ സർജിക്കൽ സ്ട്രെെക്കിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യ പിന്മാറിയാൽ തങ്ങൾ സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ഇക്കാര്യം പറഞ്ഞത്.

Continue Reading