Crime
കടൽക്കൊല കേസ് 10 കോടി രൂപ നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കാൻ നീക്കം

കൊച്ചി: ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊല കേസ് 10 കോടി രൂപ നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കാൻ നീക്കം. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാലുകോടി വീതവും, ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സർക്കാരും കേന്ദ്ര,സംസ്ഥാന സർക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.
കേരള സർക്കാർ പതിനഞ്ച് കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെങ്കിലും, പത്ത് കോടി മാത്രമേ നൽകാൻ സാധിക്കുകയുള്ളുവെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായിട്ടായിരുന്നു ഈ നീക്കം.
ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് 2020 മേയ് മാസത്തിൽ ആർബിറ്ററി ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. വെടിവച്ച ഇറ്റാലിയൻ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാനാകില്ലെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും, ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കുന്നതിനെതിരെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിട്ടുണ്ട്. പതിനൊന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.2012 ലാണ് ഇറ്റലിയൻ കപ്പലായ എൻറിക്ക ലെക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് ഇറ്റാലിയൻ നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.