Crime
17 കാരിയുടെ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ

കാസർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടിയായ എം സി രേഷ്‌മയുടെ (17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയതായി നേരത്തെ പ്രതി പൊലീസിന് മൊഴി നൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടെതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.
2010 ജൂൺ ആറിനാണ് ബളാംതോട് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ളസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലനത്തിനെത്തിയ രേഷ്‌മയെ കാണാതാവുന്നത്. തുടർന്ന് രേഷ്‌മയുടെ പിതാവ് എം സി രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും രേഷ്‌മയെ കണ്ടെത്താനായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് രേഷ്‌മയെ തട്ടിക്കൊണ്ടുപോയി, അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
2021ൽ ഹേബിയസ് കോർപ്പസ് ആയി ആദ്യ കേസ് ഫയൽ ചെയ്തു. എന്നാൽ കേസ് തൃപ്‌തികരമല്ലെന്നും സിബിഐയ്ക്ക് വിടണമെന്നും കാട്ടി 2023ൽ രേഷ്‌മയുടെ കുടുംബം ഹൈക്കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്തു. 2024 ഡിസംബർ ഒൻപതിന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത ഉയർന്നപ്പോഴെല്ലാം പ്രതി മുൻകൂർ ജാമ്യം തേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെ രേഷ്‌മയുടെ എല്ലിന്റെ ഭാഗം ലഭിച്ചത് കേസിൽ നിർണായക വഴിത്തിരിവായി.