Crime
വയനാട് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ.കാണാതായ കുട്ടിയെ പ്രതിക്കൊപ്പം

വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ കാണാതായ കുട്ടിയെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് (34) മരിച്ചത്. പ്രതി ദിലീഷിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി പ്രവീണയുടെ ഒൻപത് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തുള്ള തോട്ടത്തിലേക്കാണ് പോയത്. ഇവിടെ മറഞ്ഞിരുന്ന ഇയാളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം കുട്ടിയും ഉണ്ടായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി 7.30നാണ് പ്രവീണയെ ദിലീഷ് ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഇവരുടെ ഒരു കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രവീണയ്ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ മൂത്തമകൾക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടിയുടെ കഴുത്തിനും ചെവിക്കും കുത്തേറ്റെന്നാണ് വിവരം. കൊലപാതകവും ആക്രമണവും നടക്കുന്ന സമയത്ത് ഒമ്പതുവയസുള്ള കുട്ടി ഭയപ്പെട്ട് സമീപത്ത് എവിടേക്കെങ്കിലും മാറിയിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതിയിരുന്നത്.ദിലീഷ്, പ്രവീണയെ കൊലപ്പെടുത്താനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.
സുധീഷ് എന്നയാളെയാണ് യുവതി ആദ്യം വിവാഹം കഴിച്ചത്. ഇയാളുമായി അകന്നതിന് ശേഷമാണ് ദിലീഷുമായി ഒരുമിച്ച് താമസിച്ചിരുന്നത്. അടുത്തിടെ ദിലീഷുമായി പ്രവീണ അകലാൻ തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ മാനന്തവാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവീണ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.