Crime
ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി.
ടെഹ്റാൻ: ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി. മൂന്ന് പേരെയും മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാൻ എംബസിയാണ് അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ ഹുഷൻ പ്രീത് സിംഗ്, ജസ്‌പാൽ സിംഗ്, അമൃത്പാൽ സിംഗ് എന്നിവരെയാണ് കഴിഞ്ഞ മാസം കാണാതായത്. മേയ് ഒന്നിന് ഇറാനിൽ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതാകുകയായിരുന്നു. ടെഹ്റാൻ പൊലീസാണ് ഇവരെ മോചിപ്പിച്ചത്.
കാണാതായ ഇന്ത്യക്കാരുടെ കാര്യത്തിൽ ഇറാനിയൻ അധികൃതരുമായി ചർച്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് ദുംബായ് – ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് ജോലിക്ക് പോകാനിരുന്നവരാണ് ഇവർ. പഞ്ചാബിലെ ഒരു ഏജന്റാണ് ഇവരെ ഓസ്ട്രേലിയയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. ഇറാനിൽ ഇവർക്ക് താൽക്കാലിക താമസവും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇറാനിൽ ഇറങ്ങിയതിന് പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു. ഇവർക്ക് ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ഒളിവിലാണ്.
യുവാക്കളെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇവരുടെ കുടുംബം പൊലീസിൽ അറിയിച്ചിരുന്നു.
മൂന്നുപേരുടെയും കെെകൾ കെട്ടിയിട്ട വീഡിയോയും ചിത്രങ്ങളും സംഘം അയച്ചുതന്നതായും കുടുംബം കൂട്ടിച്ചേർത്തു. ഇവരുടെ ദേഹത്ത് മുറിവുകളും ചതവുകളും ഉണ്ടായിരുന്നു.
