KERALA
അൻവറിന് ചിഹ്നം കത്രിക; നിലമ്പൂരിൽ മത്സരരംഗത്ത് പത്തുപേർ
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ ചിഹ്നം കത്രിക. 10 സ്ഥാനാർഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു. പി.വി.അൻവർ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ പത്രികയാണ് സ്വീകരിച്ചത്.
സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് തൃണമൂൽ കോൺഗ്രസിന്റെ പേരിൽ അൻവർ നൽകിയ പത്രിക തള്ളിയത്. തൃണമൂൽ അംഗീകൃത ദേശീയ പാർട്ടിയല്ല. കേരളത്തിൽ സംസ്ഥാന പാർട്ടിയായി റജിസ്റ്റർ ചെയ്തിട്ടുമില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം അനുവദിക്കണമെങ്കിൽ പത്രിക സമർപ്പിക്കുന്നതിനു 3 ദിവസം മുൻപ് നേതൃത്വത്തിന്റെ കത്ത് ഹാജരാക്കണം. പത്രിക സമർപ്പിച്ച 2നാണ് അൻവർ കത്തു നൽകിയത്. പത്രികയിൽ 10 വോട്ടർമാർ നാമനിർദേശം നൽകിയിരുന്നെങ്കിൽ പാർട്ടി പിന്തുണയുള്ള സ്വതന്ത്രനെന്ന നിലയിൽ സ്വീകരിക്കുമായിരുന്നു. അൻവറിന്റെ പത്രികയിൽ ഒരാൾ മാത്രമാണു നാമനിർദേശം ചെയ്തു ഒപ്പുവച്ചത്.
നാഷനൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുടെ പത്രികയും ഇതേ കാരണത്താൽ നിരസിച്ചു. അൻവർ സാദത്ത് സ്വതന്ത്രനായി നൽകിയ പത്രിക സ്വീകരിച്ചു. എസ്ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി നൽകിയ 3 പത്രികകളിൽ ഒന്നു തള്ളി. പെരിന്തൽമണ്ണ സബ് കലക്ടർ കൂടിയായ വരണാധികാരി അപൂർവ ത്രിപാഠിയാണ് സൂഷ്മപരിശോധന നടത്തിയത്. ഈ മാസം 19നാണ് തിരഞ്ഞെടുപ്പ്. അൻവർ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.
