Crime
ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡൽഹിയിലെത്തും.
ടെഹ്‌റാൻ: ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. 110 ഇന്ത്യൻ വിദ്യാർത്ഥികൾ അർമേനിയയിൽ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡൽഹിയിലെത്തും.
ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇസ്രയേൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്‌റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിർദേശമുണ്ട്. ബന്ധുത്വം ഇപ്പോൾ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
+989010144557, +989128109115, +989128109109 ഇതാണ് ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ് ലൈൻ നമ്പറുകൾ.
അതേസമയം, ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. വിവിധ വിമാനങ്ങൾ റദ്ദാക്കുകയും പല സർവീസുകളും വൈകുകയും ചെയ്‌തു. ഗൾഫിലേക്കുള്ള ആറോളം സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് റദ്ദാക്കിയത്. ഇറാൻ വ്യോമപാത അടച്ചതോടെ പല വിമാനങ്ങളും ഒമാൻ വ്യോമപാത സ്വീകരിക്കുകയും ഈ പാതയിൽ എയർട്രാഫിക് വർദ്ധിക്കുകയുമായിരുന്നു.
